Pages

Tuesday, May 12, 2020

കുഞ്ഞിമൂർത്തി


യാത്രകളുടെ ഇടയ്ക്ക് വാങ്ങുന്ന കൗതുകവസ്തുക്കൾ അച്ഛൻ ധാരാളമായി വീട്ടിൽ കൊണ്ടു വരുമായിരുന്നു. ഇപ്പോഴുമതെ. ഒരിക്കൽ എന്തോ ഒരുതരം കായയിൽ വരച്ച കുറച്ചു മുഖങ്ങൾ കൊണ്ടു വന്നു. നിറച്ചു നാരുകൾ ഉള്ള കായയുടെ ചില ഭാഗങ്ങൾ വൃത്തിയാക്കി, അവിടെ മുഖം വരച്ചു ചേർത്തിരിക്കുന്നു. താടിയും മുടിയുമെല്ലാം കായയുടെ നാരുകൾ തന്നെ. ചെമ്പൻ താടിയും മുടിയും ഉള്ള കുഞ്ഞിയപ്പൂപ്പൻമാർ. ഒരു കൈപ്പത്തിയിൽ ഒതുങ്ങാനുള്ള വലുപ്പമേയുള്ളൂ. 
അവരെ എടുത്തു  വീട്ടിൽ പലയിടത്തായി വച്ചു. ഒരു അവധിക്കാലത്ത് വീട്ടിൽ വന്ന ഒരു കടുംനസ്രാണി ബന്ധു ഇത് കണ്ടു. അവർ പിന്നീട്  പോയ വഴിയിലുള്ള ബന്ധുവീടുകളിൽ എല്ലാം ചെന്ന് "അവരുടെ വീട്ടിൽ പോകല്ലേ. അവർ അവിടെ മൂർത്തിയെ വെച്ചിട്ടുണ്ട്" എന്ന് പറഞ്ഞു നടന്നു.
ഇത് കേട്ട ചില 'അഭ്യുദയകാംക്ഷികൾ' ചോദിച്ചു "നിങ്ങൾ വീട്ടിൽ മൂർത്തിയെ വെച്ചിട്ടുണ്ടെന്ന് കേട്ടല്ലോ?"
 "അതേല്ലോ. ഒന്നല്ല, നാലെണ്ണമുണ്ടല്ലോ. വീട്ടിൽ പലയിടത്തായി വച്ചിരിക്കുവാ" എന്ന് പറഞ്ഞു അപ്പോ. ആ ബന്ധു ഉൾപ്പെടെ ചില തീവ്രനസ്രാണികൾക്ക്  കുറച്ചു നാളേയ്ക്ക് ഈ വഴി വരാൻ പേടിയായിരുന്നു. പാവം കുഞ്ഞിമൂർത്തികൾ അവരെ എന്തെങ്കിലും ചെയ്താലോ? 

കുഞ്ഞിയപ്പൂപ്പൻമാർ ഞങ്ങളുടെ കൂടെ സുഖമായി ഏറെ നാൾ ഉണ്ടായിരുന്നു. കേടു വന്നു പോവുന്നത് വരെ. ചിത്രത്തിൽ ഉള്ളത് ഡിസ്‌നിയുടെ 'മോവാന' എന്ന ചലച്ചിത്രത്തിലെ കാക്കമോറകൾ ആണ്. എന്റെ കുഞ്ഞിയപ്പൂപ്പൻമാർക്ക് ഇതിലും ഭംഗിയുണ്ടായിരുന്നു.

No comments:

Post a Comment