Pages

Sunday, May 3, 2020

ഇർഫാൻ ഖാൻ..

#TheLunchBox #IrrfanKhan

ഡബ്ബാവാലകളെ അറിയില്ലേ? മുംബൈയിലെമ്പാടുമുള്ള വിവിധ കമ്പനികളിലെ ജോലിക്കാർക്ക് ഉച്ചഭക്ഷണം അടങ്ങിയ ലഞ്ച്ബോക്സുകൾ അതാത് വീടുകളിൽ നിന്നോ ഹോട്ടലുകളിൽ നിന്നോ എടുത്ത് കൃത്യസമയത്ത്  ശരിയായ ആളുടെ അടുത്ത് എത്തിക്കുകയും ഭക്ഷണശേഷം കാലി പാത്രങ്ങൾ എടുത്തിടത്ത്  തിരിച്ചെത്തിക്കുകയും ചെയ്യുന്നവർ.
ലോകപ്രശസ്തമായ ഹാർവാർഡ് ബിസിനസ്‌ സ്കൂളിന്റെ ഒരു കേസ് സ്റ്റഡി വരെയുണ്ട് അവരെ  കുറിച്ച്- 'The Dabbawala system- On time delivery, every time'. Six sigma യുടെ കണക്ക് പ്രകാരം 99.999% കൃത്യതയോടെ നടക്കുന്ന ഒരു പ്രസ്ഥാനമാണത്. അപ്പോൾ തെറ്റിനുള്ള സാധ്യത 0.001% മാത്രം. ആ ഇത്തിരിക്കുഞ്ഞു സാധ്യതയിലൂടെ ഉരുത്തിരിഞ്ഞു വന്ന സിനിമയാണ് 'ദി ലഞ്ച് ബോക്സ്‌ '. റിതേഷ് ബത്രയുടെ ആദ്യ സംവിധാനസംരഭം. 2013 ലെ കാൻസ് ഫിലിം ഫെസ്റ്റിവലിൽ സ്ക്രീൻ ചെയ്ത ചിത്രം. നിരവധി രാജ്യങ്ങളിൽ ടോപ്പ് ഗ്രോസ്സിങ് ആവുകയും നിരവധി അവാർഡുകൾ നേടുകയും ചെയ്ത ചിത്രം.

ഇള (നിമ്രത്ത് കൗർ) എന്ന വീട്ടമ്മ ഭർത്താവിനായി തയ്യാറാക്കി അയക്കുന്ന ലഞ്ച് ബോക്സ്‌ അറിയാതെയെങ്ങനെയോ എത്തിപ്പെടുന്നത്  സാജൻ ഫെർണാണ്ടസ് (ഇർഫാൻ ഖാൻ) എന്ന റിട്ടയർ ചെയ്യാൻ ഒരു മാസം മാത്രം ബാക്കിയുള്ള വിരസനായ ഒരു അക്കൗണ്ടന്റിന്റെ മേശയിലാണ്. ഭർത്താവിനാൽ അവഗണിക്കപ്പെട്ടിരുന്ന ഇളയും വിഭാര്യനായ സാജനും ലഞ്ച്ബോക്സിലെ കൊച്ചു കുറിപ്പുകളിലൂടെ അവരുടെ ചിന്തകളും പ്രതീക്ഷകളും നഷ്ടസ്വപ്നങ്ങളും പതുക്കെപ്പതുക്കെ കൈമാറി. ജൂനിയർ ആയി ജോയിൻ ചെയ്ത ഷെയ്ഖിനെ (നവാസുദ്ദിൻ സിദ്ദിഖി) ആദ്യമൊന്നും ഉൾക്കൊള്ളാൻ ആവാതിരുന്ന സാജൻ പതുക്കെ അയാളെയും ചേർത്ത് നിർത്തി. എല്ലാ ദിവസവും സാജൻ ലഞ്ച്ബോക്സിനായി കാത്തിരുന്നു. നാവിൻതുമ്പിലെ പുതുരുചികളും മണങ്ങളും അയാളിൽ പുത്തൻ പ്രതീക്ഷകളും പ്രണയവും നിറച്ചു. അവ അയാളെ പഴയ നാളുകളിലേക്ക് കൂട്ടിക്കൊണ്ട് പോയി. ഓർമ്മകൾ ആരോടെങ്കിലും പങ്കു വച്ചില്ലെങ്കിൽ അത് മറവിയിലാണ്ടു പോകും എന്ന് തിരിച്ചറിഞ്ഞ അയാൾ അവയെല്ലാം ഇളയ്ക്കുള്ള കുറിപ്പുകളാക്കി ഒഴിഞ്ഞ ലഞ്ച് ബോക്സിൽ കൊടുത്തു വിട്ടു. ഭർത്താവിന്റെ അംഗീകാരം പിടിച്ചു പറ്റാൻ പാചകപരീക്ഷണങ്ങൾ അടക്കം എല്ലാ ശ്രമവും നടത്തി പരാജയപ്പെട്ട ഇളയ്‌ക്ക് ആ കൊച്ചുകുറിപ്പുകൾ വലിയ ആശ്വാസം ആയിരുന്നു. അവളും എഴുതി അവളുടെ ജീവിതത്തെക്കുറിച്ച്. ലഞ്ച്ബോക്സ്‌ അവരുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറി. ഇരുണ്ട മുറിയിലെ മെഴുതിരി വെളിച്ചം പോലെ. അവരെ കേൾക്കാൻ, മനസ്സിലാക്കാൻ ഒരാൾ ഒരു  ലഞ്ച്ബോക്സിന് അപ്പുറം ഉണ്ടെന്നത് അവരുടെ വിരസമായ ജീവിതത്തിന് നിറങ്ങൾ നൽകി. തെറ്റായ ട്രെയിനും ഒരുപക്ഷേ ശരിയായ ഇടത്ത് എത്തിയേക്കാം എന്ന് അവർ മനസ്സിലാക്കി.

ഇർഫാൻ ഖാനും നവാസുദ്ദീൻ സിദ്ദിഖിയും നിമ്രത് കൗറും മത്സരിച്ചഭിനയിച്ചു ഈ ചിത്രത്തിൽ. മൂവരുടെയും അതിസൂക്ഷ്മവും ശക്തവുമായ ഭാവപ്രകടനങ്ങൾ തന്നെയാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. തുടക്കത്തിലെ അറുബോറനായ ഒരു വ്യക്തിയിൽ നിന്ന് ഓർമ്മകൾ തേടിപ്പോകുന്ന, ഇള തളർന്നു പോകുമ്പോൾ അവളെ ആശ്വസിപ്പിക്കുന്ന,  അല്പം കുസൃതി നിറഞ്ഞ കള്ളത്തരത്തോടെ ലഞ്ച്ബോക്സിലെ കുറിപ്പുകൾ വായിക്കുന്ന, അപ്പോൾ പത്തു വയസ്സ് കുറഞ്ഞെന്ന് ജൂനിയർ പോലും സമ്മതിക്കുന്ന ആളായി മാറി ഇർഫാൻ സ്വതഃസിദ്ധമായ ശൈലിയിൽ നിറഞ്ഞാടി. വിരസതയും കള്ളത്തരവും സന്തോഷവും ഉത്കണ്ഠയുമെല്ലാം അനായാസം അദ്ദേഹത്തിന്റെ കണ്ണുകളിൽ തെളിഞ്ഞു വന്നു.

അനാഥനായ, ജീവിതം എങ്ങിനെയെങ്കിലും ഒരു കരയ്ക്ക് എത്തിക്കാൻ ശ്രമിക്കുന്ന യുവാവായി നവാസുദ്ദീനും, തിരിച്ചെത്തുന്ന ലഞ്ച്ബോക്സ്‌ കുലുക്കി നോക്കിയും ഭർത്താവിന്റെ മുഷിഞ്ഞ ഷർട്ട്‌ മണത്തു നോക്കിയും അർത്ഥങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്ന ഹതാശയായ വീട്ടമ്മയായി നിമ്രത്തും അവരവരുടെ റോളുകൾ ഹൃദ്യമാക്കി.

വർഷങ്ങൾക്ക് മുമ്പ് കണ്ട ഈ സിനിമ ഇന്നും മായാതെ മനസ്സിൽ നിൽക്കുന്നതിനു പിന്നിൽ ഈ മൂന്നു പേരാണ്. ഇന്ന് ഇർഫാൻഖാൻ പാതിവഴിയിൽ യാത്ര നിർത്തി മടങ്ങുമ്പോൾ അദ്ദേഹത്തിന്റെ കൈയൊപ്പ് പതിഞ്ഞ ഒരു കഥാപാത്രമായി എന്നുമവശേഷിക്കും ലഞ്ച് ബോക്സിലെ സാജൻ ഫെർണാണ്ടസ്.

വിട ഇർഫാൻ. താങ്കൾ ഇനിയുമേറെ ലഞ്ച് ബോക്സുകളുമായി ഞങ്ങളെ തേടി വരുമെന്ന് പ്രത്യാശിച്ചിരുന്നു. സാരമില്ല. ഇനി വിശ്രമിക്കൂ. നിങ്ങളുടെ യുദ്ധം നിങ്ങൾ പൂർത്തിയാക്കി. സുഖമായുറങ്ങൂ.

No comments:

Post a Comment