Pages

Friday, May 29, 2020

മരിച്ചു കളയരുത്

Top post on IndiBlogger, the biggest community of Indian Bloggers


ഭർത്താവ് വളരെ തന്ത്രപരമായി  പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഒരു പാവം പെണ്ണ് കുറച്ചു ദിവസങ്ങളായി നമ്മുടെ മുന്നിൽ വന്നു നിൽക്കുന്നു. പെൺകുട്ടികൾ സ്വന്തം കാലിൽ നിൽക്കേണ്ടതിനെ കുറിച്ചും മാതാപിതാക്കൾ അതിനുള്ള സാഹചര്യം ഒരുക്കികൊടുക്കേണ്ടതിനെകുറിച്ചുമെല്ലാം ഒരുപാട് നാം കേട്ടു. പറയാനുള്ളത് മറ്റൊന്നാണ്. തോറ്റു പോവാഞ്ഞ ഒരുവളെ പറ്റി. 

സ്ക്കൂളിൽ എന്റൊപ്പം ഉണ്ടായിരുന്നവൾ. ഷമീന. കൂട്ടുകാരുടെ ഷമി. പാഠപുസ്തകങ്ങളെക്കാൾ അവൾക്കിഷ്ടം പാട്ടും ഡാൻസും തയ്യലും പാചകവും ബാഡ്മിന്റണും ഒക്കെയായിരുന്നു. അവളുടെ ഇഷ്ടങ്ങൾ അവൾ ആസ്വദിച്ചു ചെയ്യുന്നത് കണ്ടിരുന്നിട്ടുണ്ട്. പിന്നീട് ഹൈസ്ക്കൂൾ ക്ലാസ്സിൽ വച്ച് അവൾ പഠനം അവസാനിപ്പിച്ചു പോയി. അക്കാദമിക് ഭാഷയിൽ പറഞ്ഞാൽ സ്ക്കൂൾ ഡ്രോപ്പ് ഔട്ട്‌. പിന്നെ കേട്ടത് അവളുടെ വിവാഹ വാർത്തയാണ്. വിവാഹശേഷം ഒരിക്കൽ ഷമി എല്ലാവരെയും കാണാൻ വന്നു. ഒരു ഉച്ചയ്‌ക്ക് സ്ക്കൂൾ ഗേറ്റ് കടന്നു വന്ന കാറിൽ നിന്ന് സാരിയുടുത്ത അവൾ ഇറങ്ങി നടന്നു വന്നത് ഒരു കാഴ്ച തന്നെയായിരുന്നു. ആ വേഷത്തിൽ അവൾ ഒരു മുതിർന്ന പെണ്ണു പോലെ തോന്നി. സാരി അവൾക്കു നല്ല ഇണക്കമായിരുന്നു. കൊതിയും അദ്‌ഭുതവും കൊണ്ട് ഒരുപാട് നേരം ഞങ്ങളവളെ  നോക്കി നിന്നു. ഇനി ക്‌ളാസ്സുകളിൽ ഇരിക്കേണ്ടാത്ത അവളുടെ ഭാഗ്യത്തെപ്പറ്റി ഞങ്ങൾ അസൂയപ്പെട്ടു. ഉച്ചഭക്ഷണത്തിന് ശേഷം ക്ലാസ്സ്‌ തുടങ്ങിയപ്പോഴും പുറത്തു നിന്നു അദ്ധ്യാപകരോട് കുശലാന്വേഷണം നടത്തുന്ന ഷമിയിലായിരുന്നു ഞങ്ങളുടെ കണ്ണ്.

പിന്നീട് സ്ക്കൂളും കോളേജും കഴിഞ്ഞ് എല്ലാവരും പല വഴിക്കായി. വർഷങ്ങൾ പിന്നെയും കടന്നു പോയി. എപ്പോഴോ അറിഞ്ഞു ഷമി അന്നു ചെന്നു കയറിയ ജീവിതം അവൾക്ക് ഒട്ടും ഇണക്കമുള്ളതായിരുന്നില്ലെന്ന്. 

ഒരു ഇത്തിരിക്കുഞ്ഞിനെയും കൊണ്ട് അവൾ അതിൽ നിന്ന് ഇറങ്ങിപ്പോന്നിരുന്നു. സ്വന്തമായി വരുമാനമില്ല. നല്ല സാമ്പത്തിക ഭദ്രതയുള്ളവരാണ് വീട്ടുകാർ. എങ്കിലും എല്ലായ്‌പോഴും അവരെ ആശ്രയിക്കേണ്ട അവസ്ഥയിൽ നിന്ന് മാറണമായിരുന്നു  അവൾക്ക്. പതിയെ അവൾ പഴയ ഇഷ്ടങ്ങൾ പൊടി തട്ടി എടുക്കാൻ തുടങ്ങി. ബന്ധുക്കൾക്ക്  വസ്ത്രങ്ങൾ തയ്ച്ചു കൊടുത്തു. ചെറിയ പ്രതിഫലം കിട്ടിത്തുടങ്ങി. അപ്പോഴാണ് അവളുടെ ഉമ്മ പോലും അവളുടെ പിടിച്ചുനിൽപ്പിന്റെ ശ്രമങ്ങൾ മനസ്സിലാക്കുന്നത്. ഒരു സഹോദരൻ അവൾക്ക് വേണ്ടുന്ന സഹായങ്ങളുമായി കൂടെ നിന്നു. എതിർത്തവർ ഒരുപാടുണ്ടായിരുന്നു. പാളയം മാർക്കറ്റിനുള്ളിലെ ഒരു മുറിയിലിരുന്ന് എംബ്രോയിഡറി ജോലികൾ ചെയ്യുന്ന ഒരാളുണ്ടായിരുന്നു. അത്തരം പണികൾ അവൾ അയാളെ ഏൽപ്പിച്ചു. അവിടേക്കുള്ള യാത്രകൾ ദുഷ്കരമായിരുന്നു. ചന്തയ്ക്കുള്ളിലെ ചളി പിടിച്ച വഴിയിലൂടെ ആ ഇടുങ്ങിയ മുറിയിലേയ്ക്ക് കുഞ്ഞിനേയും ഒക്കത്തിരുത്തി അവൾ നടക്കുമ്പോൾ പുറകെ വന്ന സംശയക്കണ്ണുകൾ അവളുടെ മനസ്സു നീറ്റുന്നുണ്ടായിരുന്നു. എങ്കിലും ആ നോട്ടങ്ങളെ അവൾ കണ്ടില്ലെന്നു നടിച്ചു. തുണിത്തരങ്ങൾ വാങ്ങാനായി ബാംഗ്ലൂർക്കു നടത്തേണ്ടി വന്ന യാത്രകളെപ്പറ്റി മുറുമുറുപ്പുകളുണ്ടായി. അതവൾ കേട്ടില്ലെന്നു നടിച്ചു. പലരും അവളെ ഒഴിവാക്കാൻ തുടങ്ങി. അതവൾ അറിഞ്ഞില്ലെന്നു നടിച്ചു. അവൾ പതിയെ ജീവിതം തിരിച്ചു പിടിക്കാൻ തുടങ്ങി. 

പുതിയൊരാൾ അവളുടെ ജീവിതത്തിലേയ്ക്ക് വന്നു. അവളെ മനസ്സിലാക്കുന്ന, അവളോടൊപ്പം നില്ക്കുന്നൊരാൾ. പിന്നീട് അവൾ റിയാലിറ്റി ഷോയ്ക്കു വേണ്ടി വസ്ത്രങ്ങൾ ഡിസൈൻ ചെയ്തു. രാജ്യാന്തര തലത്തിൽ വരെ എക്സിബിഷനുകൾ നടത്തി. ബൊട്ടീക്ക് തുടങ്ങി. സെലിബ്രിറ്റികൾ ഷമീന ഡിസൈൻ ചെയ്ത വേഷങ്ങളിൽ  സുന്ദരികളായി. ഇന്നവളുടെ നേട്ടങ്ങളിൽ അഭിമാനിക്കുന്നവർ ഒരുപാടുണ്ടാവാം. പക്ഷെ ഇവിടെ വരെയെത്താൻ അവൾ താണ്ടിയ ഇരുണ്ട വഴികളുണ്ട്. ഒറ്റയ്ക്കുള്ള യാത്രകളുണ്ട്. കണ്ണീരുണ്ട്. മുറിവുകളുണ്ട്. വർഷങ്ങളുടെ അധ്വാനമുണ്ട്.

പറഞ്ഞു വന്നത് ഇതാണ്. നന്നായി പഠിക്കുന്ന കുട്ടി മാത്രമല്ല നല്ല കുട്ടി. ഡിസ്റ്റിങ്‌ഷനും എ പ്ലസ്സും ഉന്നതോദ്യോഗവും മാത്രമല്ല ജീവിത വിജയത്തിന്റെ അളവുകോൽ. ജീവിക്കാൻ പഠിക്കണം. സ്വന്തമായി ഒരു വരുമാനം ഉണ്ടാവണം. സ്വന്തം തീരുമാനങ്ങൾ എടുക്കാനുള്ള ത്രാണിയുണ്ടാക്കണം. ഒരു പങ്കാളി വേണം എന്ന് നല്ല ആഗ്രഹവും തയ്യാറെടുപ്പും ഉണ്ടെങ്കിൽ മാത്രം വിവാഹത്തെ കുറിച്ച് ചിന്തിക്കുക, അല്ലാതെ നാട്ടാർക്ക് തോന്നുമ്പോഴല്ല. ഭർത്താവ് ഏത് അംബാനിയും ആയിക്കൊള്ളട്ടെ, നമുക്ക് ഒരു മൊട്ടുസൂചി വാങ്ങാൻ പോലും അയാളുടെ കാശും സമ്മതവും കാത്തു നിൽക്കേണ്ടി വരരുത്. ഒരു സുഹൃദ് വലയം ഉണ്ടാവണം. തളരുമ്പോൾ ആശ്വസിപ്പിക്കുന്ന, ഒരു കൈ തന്നു സഹായിക്കുന്ന കുറച്ചു പേർ. ലോകത്ത് ചുറ്റും നടക്കുന്നതിനെ പറ്റി ഒരു ബോധം ഉണ്ടാവണം. എങ്കിലേ ചതിക്കുഴികൾ തിരിച്ചറിയാനുള്ള കഴിവുണ്ടാവൂ. പെട്ടു എന്ന് ഉറപ്പായാൽ സധൈര്യം ഇറങ്ങിപ്പോരുക. വീട്ടുകാരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുക- ചിലപ്പോൾ അതിന് സമയം എടുത്തേക്കാം. മറ്റുള്ളവർ എന്തു വിചാരിക്കും എന്ന് ഭയക്കാതിരിക്കുക. ജീവിച്ചു തുടങ്ങുക. തളർന്നു പോയേക്കാം. ഒന്ന് മാത്രം മനസ്സിൽ വെയ്ക്കുക. ഈ ഇടുങ്ങിയ, ഇരുണ്ട, ചളി പിടിച്ച വഴിയുടെ അങ്ങേയറ്റത്ത് നിറയെ പ്രകാശമുണ്ട്. നിറങ്ങളുണ്ട്. സന്തോഷവും സമാധാനവുമുണ്ട്. പ്രിയരോടൊപ്പമുള്ള സുന്ദരനിമിഷങ്ങളുണ്ട്. മനസ്സിൽ നിന്ന് വരുന്ന പൊട്ടിച്ചിരികളുണ്ട്. 'ഉണ്ട' എന്ന സിനിമയുടെ അവസാനം മമ്മൂട്ടിയുടെ ഒരു ഡയലോഗ് ഉണ്ട്. "ഇത് നിന്റെ മണ്ണാണ്. ഇവിടം വിട്ടു പോവരുത്. മരിച്ചു കളയരുത്. ജീവിക്കണം."

അതെ. മരിച്ചു കളയരുത്. ജീവിക്കണം.

No comments:

Post a Comment