അമ്മൂ, നേരം ഇരുട്ടുമ്പോ മലമുകളിൽ നിന്ന് നോക്കിയാൽ കുഞ്ഞു പഞ്ഞിക്കെട്ടു പോലെ മേഘക്കുട്ടികൾ ഒഴുകി പോകുന്നത് കാണാം. അവർക്കു ഇരുട്ട് പേടിയാണ്. അമ്മൂനെ പോലെ. സൂര്യൻ മലകൾക്കപ്പുറം താഴാൻ തുടങ്ങുമ്പോ അവർ പുറകെ പറന്നു ചെല്ലാൻ നോക്കും. പറന്നു പറന്ന് കുഞ്ഞിച്ചിറകുകൾ തളരും. അവർ താഴ്‌വാരത്തെ പൊന്തക്കാടുകളിൽ പോയി വീഴും. അവരുടെ കരച്ചിൽ കേട്ടു മിന്നാമിന്നികൾ ഉണരും. അവരുടെ കുഞ്ഞു വെളിച്ചത്തിൽ മേഘക്കുട്ടികളെ വീണ്ടും മാനത്തെത്തിക്കും. എന്നിട്ട് രാത്രി മുഴുവൻ മിന്നി മിന്നി പറന്നു മേഘക്കുട്ടികൾക്കു കൂട്ടായി കൂടെ നടക്കും. അന്നേരം വീശിയടിക്കുന്ന കാറ്റിൽ മിന്നാമിന്നികൾ തണുത്തു വിറയ്ക്കാൻ തുടങ്ങും. അപ്പോ മേഘക്കുട്ടികൾ ഓടിച്ചെന്ന് മിന്നാമിന്നികളെ പൊതിഞ്ഞു പിടിക്കും. കുഞ്ഞിപ്പഞ്ഞിക്കമ്പിളി പോലെ..
No comments:
Post a Comment