"സൂര്യൻ അങ്ങു പോയല്ലോ സീതമ്മേ".
"സൂര്യൻ പോകണം അമ്മുക്കുട്ടീ. പോയാലേ അമ്പിളിമാമന് നക്ഷത്രക്കുഞ്ഞുങ്ങളെയും കൂട്ടി ഇവിടെ കളിക്കാൻ വരാൻ പറ്റൂ."
"എന്നിട്ടോ സീതമ്മേ?"
"അവർ വന്നു തിരമാലകളുടെ കൂടെ മതിയാവോളം കളിക്കും. അവരീ കടൽത്തീരത്ത് പിറന്നാളുകൾ ആഘോഷിക്കും. മണൽകേക്ക് ഉണ്ടാക്കും. മണൽക്കൊട്ടാരങ്ങൾ ഉണ്ടാക്കും. കൂട്ടത്തിലെ ഏറ്റവും ചെറിയ നക്ഷത്രക്കുഞ്ഞ് മെഴുതിരിയായി മാറി മണൽകേക്കിന്റെ ഏറ്റവും മുകളിൽ കയറിയിരിക്കും. അതിനു കുഞ്ഞുമ്മ കൊടുത്തു കയ്യിലെടുത്തു പിടിച്ചുകൊണ്ട് നക്ഷത്രക്കുട്ടി കേക്കു മുറിക്കും. തിരമാലകൾ പിറന്നാൾപ്പാട്ടുകൾ പാടും.
പിന്നെ അവർ കടപ്പുറത്തു പന്തു കളിക്കും. അവർക്ക് കളിക്കാൻ അമ്പിളിമാമൻ പന്തായി മാറും. തിളങ്ങുന്ന വെള്ളിനിറമുള്ള പന്ത്. ആ വെള്ളിവെളിച്ചത്തിൽ മണൽ തരികൾ തിളങ്ങും. നേരം വെളുക്കുവോളം അവർ അതിലെ മുഴുവനും ഓടി നടക്കും. സൂര്യൻ വരാൻ നേരമാവുമ്പോൾ അമ്പിളിമാമൻ ഒരു പട്ടം ആയിമാറും. നക്ഷത്രക്കുഞ്ഞുങ്ങൾ ആ പട്ടത്തിന്റെ വാലായി ഒട്ടിപ്പിടിച്ചിരിക്കും. എന്നിട്ട് അവർ അങ്ങു പൊങ്ങിപ്പൊങ്ങി പോകും. മേഘക്കൂട്ടങ്ങൾക്കിടയിലെ ആകാശക്കൊട്ടാരത്തിൽ പോയി വിശ്രമിക്കാൻ. എങ്കിലല്ലേ നാളെ വീണ്ടും വരാൻ പറ്റൂ".
No comments:
Post a Comment