ചില ദിവസങ്ങൾ ഇങ്ങനെയാണ്. ലോകത്തോട് മൊത്തം മടുപ്പു തോന്നിപ്പോകും. എപ്പോൾ എത്തുമെന്ന് പോലും അറിയാത്ത ട്രെയിൻ കാത്തു വിശന്നു വലഞ്ഞു നിൽക്കുമ്പോൾ പ്രത്യേകിച്ചും.
ഒരിക്കലും സമയത്ത് ഓടാത്ത ജനശതാബ്ദി വളരെ അടുത്ത് എത്തിയെന്ന് 'Where is my train' പറഞ്ഞതു കൊണ്ടു വെയ്റ്റിംഗ് റൂമിൽ കയറിയില്ല. ഇതു വരെയുള്ള അനുഭവം വെച്ച് സ്റ്റേഷനിലെ ടൈംടേബിൾ ബോർഡിനെക്കാളും വിശ്വസിക്കാവുന്ന ആപ്പ് ആണത്. പ്ലാറ്റ്ഫോമിൽ കൂടുതൽ ആളുകൾ വന്നു. കൊതുക് വന്നു. എനിക്ക് വിശപ്പു വന്നു. ക്ഷീണം വന്നു. ട്രെയിൻ മാത്രം വന്നില്ല. ആത്മാർത്ഥമായി പ്രാർത്ഥിച്ചു.
ഔട്ടറിൽ ട്രെയിൻ പിടിച്ചിട്ട 'മഹാന്മാർ ഒക്കെ ശിരസ്സു പിളർന്ന് അന്തരിക്കണേ' എന്ന ജഗതി പഠിപ്പിച്ചു തന്ന പ്രാർത്ഥന മനസ്സിൽതട്ടി പലവട്ടം പറഞ്ഞു.
വെറുപ്പിച്ചു വെറുപ്പിച്ച് അവസാനം ട്രെയിനെത്തി. ഒരു വിധം സീറ്റിൽ എത്തി സാനിടൈസർ ഉപയോഗിച്ചു കൈ വൃത്തിയാക്കി. കൈ കഴുകാൻ എണീറ്റു പോയിവരാനുള്ള ക്ഷമ ഉണ്ടായിരുന്നില്ല. ചപ്പാത്തിക്ക് പതിവില്ലാത്ത രുചി തോന്നി. ഭക്ഷണം കഴിഞ്ഞപ്പോഴാണ് പരിസരബോധം വന്നത്. അപ്പോൾ മാത്രമാണ് ട്രേ-ടേബിളിൽ എഴുതി വെച്ചിരുന്നത് ശ്രദ്ധിച്ചത്. "Why so serious?" സാധാരണ ട്രെയിനിൽ അവിടവിടെ കുത്തിക്കുറിച്ചു വെയ്ക്കുന്ന മനോരോഗികളോട് കലിയാണ്. പക്ഷേ ഇതു കണ്ടപ്പോൾ എന്തോ മനസ്സ് ഒന്ന് അയഞ്ഞു.
കൃത്യം ആ നേരത്ത് അതിലെ വന്ന കളിപ്പാട്ടക്കാരനെ പിടിച്ചു നിർത്തി എല്ലാ കളിപ്പാട്ടവും പരീക്ഷിച്ചു നോക്കി. ചാവി കൊടുത്താൽ ചാടുന്ന കുഞ്ഞുചോട്ടാഭീമിനോട് ഒരു കുഞ്ഞ് ഇഷ്ടം തോന്നി. അവനെ ഇങ്ങു കൂടെ കൂട്ടി. അവൻ ചാടുന്നതും നോക്കി അങ്ങനെ ഇരുന്നപ്പോഴുണ്ട് പുറകിൽ ഇരുന്ന കോളേജ്കുട്ടികളിൽ ആരോ പാടുന്നു. "ആപ് കീ നസറോം നെ സംജാ
പ്യാർ കേ കാബിൽ മുജേ.." ലത മങ്കേഷ്കറിന്റെ പഴയ പാട്ട്.
ജനാലയിലൂടെ വന്നു മുഖത്ത് തട്ടിയ തണുത്ത കാറ്റിന്റെ ഒപ്പം ആ പാട്ടും കൂടെ ആയപ്പോൾ മനസ്സു പിന്നെയും തണുത്തു.
ആ കുട്ടി വീണ്ടും പാടി.
"ജീവാംശമായ് താനേ നീയെന്നിൽ
കാലങ്ങൾ മുന്നേ വന്നൂ. "
കാഴ്ചയ്ക്കപ്പുറത്തെ ഇരുട്ടിനു പോലും എന്തോ ഒരു ഭംഗി.
No comments:
Post a Comment