"കണ്ണു വേണം ഇരുപുറം എപ്പോഴും
കണ്ണു വേണം മുകളിലും താഴെയും
കണ്ണിനുള്ളില്‍ കത്തി ജ്വലിക്കും
ഉള്‍ക്കണ്ണ് വേണം, അണയാത്ത കണ്ണ്"
-കടമ്മനിട്ട
അവരുടെ എണ്ണം കൂടുന്നു.
നീതിക്കു വേണ്ടി ശബ്ദിക്കുന്നവരുടെ. മുറിവേറ്റവരുടെ. ഇല്ലാതായവരുടെ.
തെളിവു നശിപ്പിക്കാൻ വേണ്ടി സിസ്റ്റർ അഭയയെ പോലെ ഇല്ലാതാക്കപ്പെട്ടവർ. അഴിമതിയ്ക്കു കൂട്ടു നില്ക്കാത്തതു കൊണ്ട് യാതന അനുഭവിച്ച് ഫാദർ ഫ്രാൻസിസ് ഞള്ളമ്പുഴയെ പോലെ ഒടുങ്ങിയവർ.
അവരുടെ അവസാന ശ്വാസത്തിനു വേണ്ടിയുള്ള പിടച്ചിൽ. ബാക്കി ആയവർ നീതി തേടി നടത്തുന്ന യാതന നിറഞ്ഞ യാത്രകൾ. ഫാദർ പീലിയാനിക്കലിനെ (കുട്ടനാട് വികസന സമിതി) പോലുള്ളവർ കള്ളലോണുകളിൽ കുടുക്കിയ നിരപരാധികൾ.
സിസ്റ്റർ അനുപമയെ പോലെ എന്നും അപമാനിക്കപ്പെട്ടു കൊണ്ടിരിക്കുന്നവർ. അവർ കടന്നു പൊയ്ക്കൊണ്ടിരുന്ന കയ്‌പേറിയ അനുഭവങ്ങൾ. എത്രയൊക്കെ അനുഭവിച്ചിട്ടും നീതി ലഭിക്കുമെന്നുള്ള പ്രതീക്ഷകൾ. ബിഷപ്പ് ഫ്രാൻകോയെ പോലുള്ളവരുടെ കൊലച്ചിരികൾക്കിടയിലും അവർ കാണിക്കുന്ന അസാമാന്യ ധൈര്യം. അവരുടെ ഉറച്ച നിലപാടുകൾ. അവരൊക്കെ ആഗ്രഹിക്കുന്നത് സഭയുടെ നന്മയാണ്. അവർ ചോദ്യം ചെയ്യുന്നതു സഭയിലെ കൊള്ളരുതായ്മകളെയാണ്.അല്ലാതെ വിശ്വാസത്തെ അല്ല. മനസ്സിലാക്കൂ.
കാണാനുള്ള കണ്ണ് വേണം സഭയ്ക്ക്. ഇല്ലെങ്കിൽ ഈ കണ്ണീരൊരു പുഴയാകും. കരകവിഞ്ഞൊഴുകും. ഒരുപാട് പുഴകൾ ചേർന്നൊരു സങ്കടക്കടലാകും. മുന്നിലുള്ളതെല്ലാം തട്ടിത്തെറിപ്പിച്ചൊഴുകും. പിടിച്ചു നിൽക്കാൻ ആയെന്നു വരില്ല, എത്ര ആളെക്കൂട്ടിയാലും. എത്ര ക്രൗൺ പ്ലാസ സൽക്കാരങ്ങൾ നടത്തിയാലും. എത്ര ലക്ഷങ്ങൾ പൊടിച്ചാലും. സഭയ്ക്കു പ്രധാനം സ്വത്തുക്കൾ ആണെങ്കിൽ ഒരു സാധാരണക്കാരനു പ്രധാനം അവൻറെ വിശ്വാസമാണ്. ആ വിശ്വാസത്തിൽ ആണ് സഭയുടെ നിലനിൽപ്പ്. അവന്റെ നെറ്റിയിലെ വിയർപ്പു കൊണ്ടാണ് നിങ്ങൾ ഇന്ന് അപ്പം ഭക്ഷിക്കുന്നത്.
ഒരുപാടു കാലമൊന്നും കള്ളങ്ങൾ കൊണ്ടവരുടെ കണ്ണു മൂടാൻ സാധിക്കില്ല. സഭ പറഞ്ഞു കൊടുക്കുന്നതൊക്കെ വെള്ളം ചേർക്കാതെ വിഴുങ്ങുന്നവരുടെ എണ്ണം കുറയുന്നത് നല്ലൊരു സൂചനയാണ്. ഇപ്പോൾ തന്നെ അച്ചനാവാനും കന്യാസ്ത്രീ ആകാനും ആളെ കിട്ടുന്നില്ല. എന്തെങ്കിലും ചോദിയ്ക്കാൻ ധൈര്യപ്പെടുന്നവരെ നിശ്ശബ്ദരാക്കുന്ന സ്ഥിരം ഭീഷണി "കല്യാണവും മരണവും ഒന്നും പള്ളിയിൽ നടത്താൻ സമ്മതിക്കില്ല" എന്നാണ് . അത് വേണ്ട എന്ന് ഒരു വിശ്വാസി തീരുമാനിച്ചാൽ തീർന്നില്ലേ.
അടിത്തറ ഇളകിത്തുടങ്ങിയിരിക്കുന്നു. കാലം മാറുന്നു. ചിന്തകൾ മാറുന്നു. മനസ്സിലാക്കൂ ഇനിയെങ്കിലും. എക്കാലവും താങ്ങിക്കൊണ്ടു നടക്കാൻ ആളുണ്ടായെന്നു വരില്ല.
ഉൾക്കണ്ണു വേണം. അണയാത്ത കണ്ണ്.
Previous Posts:
- https://jaankiwrites.blogspot.com/2018/09/a-den-of-robbers-kerala-nun-rape-bishop.html
- https://jaankiwrites.blogspot.com/2018/09/blog-post.html
Related News:
- https://www.thenewsminute.com/article/nuns-who-protested-against-bishop-franco-heckled-forced-leave-fr-kuriakose-funeral-90578
- https://indianexpress.com/article/cities/chandigarh/kerala-nun-rape-case-father-kattuthara-laid-to-rest-family-to-support-his-statement-before-police/
- https://www.indiatoday.in/india/story/supporters-shower-rose-petals-on-rape-accused-bishop-in-jalandhar-1370256-2018-10-18
No comments:
Post a Comment