Pages

Tuesday, October 2, 2018

ബാലഭാസ്ക്കറിനായി. ഇനിയും മീട്ടാത്ത ഈണങ്ങൾക്കായി..

ബാലഭാസ്ക്കർ.

ഇന്ന് ഉറങ്ങി എണീറ്റപ്പോൾ ആദ്യം കേട്ട വാർത്ത. ഇനി ഒരിക്കലും അയാൾ ഉണരില്ല എന്ന്. 'അയാൾ' എന്നു പറയുന്നത് ബഹുമാനക്കുറവ് കൊണ്ടല്ല. എപ്പോഴും കൂടെ ഉണ്ടായിരുന്ന ആൾ എന്ന ഒരു തോന്നലിൽ നിന്നാണ്. ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ലെങ്കിലും.

ഒരു ഇന്റർവ്യൂവിൽ കുഞ്ഞിന് വേണ്ടി ഒരു പാട്ട് വായിക്കാമോ എന്ന് അവതാരക അദ്ദേഹത്തോട് ചോദിച്ചു. നീല നിറമുള്ള തുളസി-വയലിനിൽ വായിച്ച പാട്ടിലെ വരികൾ പോലെ
"മയങ്ങൂ നീയെൻ മടി മേലെ
അമ്പിളീ നിന്നെ പുൽകി
അംബരം പൂകീ ഞാൻ ഏകനായ്"

ആ അമ്പിളിക്കുഞ്ഞിനെ മടിയിൽ ചേർത്തു പിടിച്ച്‌ അയാൾ ഏകനായി പോയത് ഉൾക്കൊള്ളാൻ ആവുന്നില്ല. ഒരു മടങ്ങിവരവ് ആഗ്രഹിച്ച ഒരുപാട് ഹൃദയങ്ങൾ ആ ആശുപത്രിവാതിലിന് ഇപ്പുറം ഉണ്ടായിരുന്നു. ഏതെങ്കിലും ചികിത്സയോ മ്യൂസിക് തെറാപ്പിയോ ഒക്കെ ആ ജീവൻ തിരിച്ചു തന്നിരുന്നെങ്കിൽ എന്ന് അത്രമേൽ ആഗ്രഹിച്ചിരുന്നു.

മൂന്നാം വയസ്സിൽ കയ്യിലെടുത്ത വയലിനുമായി അയാൾ നടന്നു കയറിയത് ഞങ്ങളുടെയൊക്കെ ഉള്ളിലേക്കായിരുന്നു. യൂണിവേഴ്സിറ്റി കലോത്സവങ്ങളിലെ ഹാട്രിക്കുകൾ ആ യാത്രയുടെ തുടക്കം മാത്രമായിരുന്നു. വായ്പ്പാട്ട് ഇല്ലാതെ ഉപകരണ സംഗീതം മാത്രം മതി മനസ്സുകൾ കീഴടക്കാൻ എന്ന് ഞങ്ങൾക്ക് കാട്ടിത്തന്നു. ആ വയലിനിൽ നിന്ന് ഒഴുകി വന്ന സംഗീതം ഞങ്ങൾ നെഞ്ചിലെടുത്തു വച്ചു. ചിൻ-റെസ്റ്റിൽ മുഖം ചേർത്തു വെച്ച് ഒരു ചെറുപുഞ്ചിരിയോടെ അയാൾ സംഗീതത്തിൽ മുഴുകിയപ്പോൾ ആ പുഞ്ചിരി ഞങ്ങളുടെ ചുണ്ടുകളിലേക്കും അറിയാതെ പകർന്നു. എല്ലാം മറന്നുള്ള ആ നിൽപ്പ് കാണാനുള്ള കൊതി കൊണ്ടു അയാളുടെ പാട്ടുകളുടെ വീഡിയോകളാണ് ഞാൻ എന്നും ഓഡിയോകളേക്കാൾ ഇഷ്ടപ്പെട്ടിരുന്നത്.
ശുദ്ധസംഗീതത്തിന്റെ അടിത്തറയിൽ നിന്നു കൊണ്ടു തന്നെ ഫ്യൂഷൻ സംഗീതം മലയാളികൾക്ക് പരിചയപ്പെടുത്തി. 'കൺഫ്യൂഷൻ' എന്ന ബാൻഡിനു തുടക്കമിട്ട അദ്ദേഹം പതുക്കെ പതുക്കെ  ഫ്യൂഷൻ സംഗീതത്തിലെ കൺഫ്യൂഷൻ മാറ്റി എടുത്തു. എല്ലാത്തരം ആസ്വാദകരേയും തൃപ്തിപ്പെടുത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. സൂര്യ ഫെസ്റ്റിവലിന്റെ തീം സോങ് പോലെ എത്രയെത്ര മാസ്റ്റർപീസുകൾ!

ഈ ചെറുപ്രായത്തിൽ അയാൾ പോകുമ്പോൾ ബാക്കി ആവുന്നു, അയാളുടെ  സംഗീതവും അയാളുടെ ജീവന്റെ പാതിയും. ആദ്യ പ്രണയം സംഗീതത്തോട് ആയിരുന്നെങ്കിൽ ആ ധൈര്യത്തിൽ അയാൾ കൂടെ കൂട്ടിയ പ്രിയപ്പെട്ടവൾ.  "വയലിൻ വായിച്ചു കിട്ടുന്ന കാശു കൊണ്ടു നിന്നെ പട്ടിണി ഇല്ലാതെ നോക്കിക്കോളാം"എന്ന് ഉറപ്പു കൊടുത്തു ജീവിതത്തിലേക്ക് ക്ഷണിച്ചവൾ. ഒരുമിച്ചു ജീവിതം തുടങ്ങിയപ്പോൾ ഓരോ ചെറിയ ഷോയും ചെയ്യാൻ അയാൾ ബസിൽ കയറി പോയതും, കിട്ടിയ ഓരോ ഇരുനൂറും അഞ്ഞൂറും കൂട്ടിക്കൂട്ടി വച്ചതും, ഒടുവിൽ അതു പതിനായിരം ആയപ്പോൾ ഒന്നിച്ചിരുന്നു കരഞ്ഞതും ഒക്കെ ഇനി അവളുടെ മാത്രം ഓർമ്മകൾ. അവളെ ആശ്വസിപ്പിക്കാൻ ഇനി ഏതു സംഗീതത്തിനാണ് കഴിയുക? കണ്ണീർ തുടയ്ക്കാൻ ഏതു കുഞ്ഞിക്കൈകൾ ഉണ്ടിനി?

ഇന്നത്തെ ദിവസം എങ്ങും കേൾക്കുന്നത് അയാളുടെ വയലിനാണ്. ഇത്രയും നാൾ ഞാൻ ആസ്വദിച്ചു കേട്ടവ. ഇന്ന് അതേ പാട്ടുകൾക്കൊക്കെ ഒരു വിഷാദഛായ. കേൾക്കാൻ ആവുന്നില്ല. ചാനൽ മാറ്റാനും ആവുന്നില്ല. ആ വയലിൻതന്ത്രികളിൽ  ഞങ്ങളുടെ മനസ്സുകൾ അത്രയ്ക്കു കുരുങ്ങി കിടക്കുന്നു.

ഇപ്പോഴും അയാളാണ് ടീവിയിൽ. ഏതോ ഒരു സ്റ്റേജ് ഷോ. കണ്ണടച്ച് പരിസരം മറന്ന് നിന്ന് തുളസിയിൽ വായിക്കുന്നു.
"വിട ചൊല്ലവേ നിമിഷങ്ങളിൽ
ജലരേഖകൾ വീണലിഞ്ഞു.."

തിരിച്ചു വന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. വെറുതെ. പ്രിയപ്പെട്ടവർക്കായി. ഇനിയും മീട്ടാനുള്ള ഈണങ്ങൾക്കായി..

"ഉറങ്ങൂ കനവു
കണ്ടുണരാനായ്
ഉഷസ്സണയുമ്പോൾ.."


No comments:

Post a Comment