Pages

Saturday, September 26, 2020

സേർന്തതേ നം ജീവനേ..


സേർന്തതേ നം ജീവനേ.. 

കടലോളം പ്രണയം ഉള്ളിൽ കാത്തു സൂക്ഷിച്ചപ്പോഴും പിരിയേണ്ടി വന്ന പ്രണയിനി കല്പടവുകൾ കയറി അകലേയ്ക്ക് നടന്നു മറയുമ്പോൾ നിസ്സഹായനായി നോക്കി നിൽക്കുന്ന സൂര്യയ്ക്കു (രജനീകാന്ത്) വേണ്ടി എസ്പിബി ഉള്ളിൽ തൊട്ടു പാടി:

"നാൻ ഉന്നൈ നീങ്കമാട്ടേൻ 

 നീങ്കിനാൽ തൂങ്കമാട്ടേൻ

സേർന്തതേ നം ജീവനേ.."

അത്രമേൽ ഒന്നായിരുന്നിട്ടും എന്നേയ്ക്കുമായി പിരിഞ്ഞു പോകേണ്ടി വന്നവർ മനസ്സിലടക്കി വെച്ച കാർമേഘങ്ങൾ അദ്ദേഹത്തിന്റെ ശബ്ദത്തിലൂടെ പെയ്തിറങ്ങി. ഈ പാട്ട്, "സുന്ദരി കണ്ണാലൊരു സെയ്‌തി.." ദളപതിയിൽ രണ്ട് രീതികളിൽ രണ്ടു ഭാവങ്ങളിൽ അദ്ദേഹം പാടിയിട്ടുണ്ട്. ഒന്ന് മനസ്സിൽ പ്രണയപ്പൂക്കൾ വിടർത്തിയെങ്കിൽ മുകളിൽ പറഞ്ഞത് പ്രണയനഷ്ടത്തിന്റെ തീച്ചൂളയിൽ നമ്മെ ഉരുക്കി.

പാട്ടുകളുടെ മാന്ത്രികൻ യാത്ര പറഞ്ഞിരിക്കുന്നു. ഇനിയും പാടാൻ ഏറെ ബാക്കി വെച്ചു കൊണ്ട്. ഉള്ളം കൊണ്ട് പാടിയ ഈണങ്ങൾ നമ്മെ ഏൽപ്പിച്ചു കൊണ്ട്. പതിനാറു ഭാഷകളിലായി നാൽപ്പതിനായിരത്തിൽപ്പരം പാട്ടുകൾ പാടിയ സംഗീതജ്ഞൻ. ഗിന്നസ് റെക്കോർഡിന് ഉടമ. ഡബ്ബിങ് ആർടിസ്റ്റ്. സംഗീത സംവിധായകൻ. അഭിനേതാവ്. 

പക്ഷെ, വെറുതെ ഒരു സെലിബ്രിറ്റി ആയിരുന്നതു കൊണ്ടല്ല ജനങ്ങൾ അദ്ദേഹത്തെ നെഞ്ചോടു ചേർത്ത് വെച്ചത്. ചെയ്യുന്ന ജോലിയോടും ചുറ്റുമുള്ള മനുഷ്യരോടും നൂറു ശതമാനം ആത്മാർത്ഥത പുലർത്തിയിരുന്ന ഒരു മനുഷ്യൻ. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്ന ഏറ്റവും ചെറിയവനെ പോലും പരിഗണിക്കാൻ മനസ്സുണ്ടായ വ്യക്തിത്വം. സ്റ്റേജ് ഷോയിൽ നോട്ട്സ് തെറ്റി പരിഭ്രമിച്ചു പോയ ഫ്ലൂട്ടിസ്റ്റിനെ സ്നേഹത്തോടെ പിന്തുണച്ച് ബാക്കി പാടി ഭംഗിയാക്കി അദ്ദേഹം. അതൊന്നും മറ്റു പലരും ചെയ്യില്ലെന്ന് മാത്രമല്ല വളരെ മോശമായി പ്രതികരിക്കുകയും ചെയ്യും. ഏറ്റവും ജൂനിയർ ആർട്ടിസ്റ്റുകളെയും സഹായികളെയും കരുതലോടെ കാണുന്ന മനസ്സ്.

എല്ലാവർക്കും അദ്ദേഹം ആരെങ്കിലുമൊക്കെ ആയിരുന്നു. നമ്മുടെ പ്രണയത്തിനും വിരഹത്തിനും ദുഃഖത്തിനും മാത്രമല്ല, പേരറിയാത്ത ഏതെല്ലാമോ വികാരങ്ങൾക്ക്  അദ്ദേഹം ശബ്ദമായി. അല്ലെങ്കിൽ, നമ്മുടെ വികാരവിചാരങ്ങളെ നമ്മെക്കാൾ നന്നായി  പാട്ടുകളിൽ അദ്ദേഹം പ്രതിഫലിപ്പിച്ചു. 

"പാൽനിലാവിലെ പവനിതൾ പൂക്കളേ"

എന്ന് ഹൃദയം കൊണ്ട് വിളിച്ച് രണ്ട് അമ്മയില്ലാക്കുഞ്ഞുങ്ങളെ ചേർത്തു പിടിച്ചു വളർത്തുന്ന അച്ഛന്റെ താരാട്ടുപാട്ടായി മാറി അദ്ദേഹം 'ബട്ടർഫ്ളൈസി'ൽ.

"മലരേ മൗനമാ.." പാടിയിട്ടും പാടിയിട്ടും തൃപ്തി വരാഞ്ഞ് സ്റ്റുഡിയോവാടക താൻ കൊടുത്തോളാം എന്ന് വരെ അദ്ദേഹം വിദ്യാസാഗറോട് പറഞ്ഞതായി എവിടെയോ വായിച്ചു. ജാനകിയമ്മ പാടിയതിനൊപ്പം വരുന്നില്ലെന്ന തോന്നലായിരുന്നു എസ്പിബിയ്ക്ക്. രാത്രി എട്ടു മണിക്കു ശേഷം പാട്ട് പാടാത്ത അദ്ദേഹം ഒരു രാത്രി മുഴുവനും ആ പാട്ട് പാടിക്കൊണ്ടേയിരുന്നു. എന്നിട്ടും ജാനകിയമ്മ പാടിയ പോലെ ആയില്ലെന്ന് സങ്കടപ്പെട്ടു അദ്ദേഹം.

വന്ന വഴി മറക്കാത്ത മനുഷ്യൻ. സ്വന്തം സ്റ്റുഡിയോ തുടങ്ങിയപ്പോൾ സിനിമയിൽ അദ്ദേഹത്തെ ആദ്യം പാടിച്ച കോദണ്ഡപാണിയുടെ പേരാണ് അതിനു കൊടുത്തത്. ശാസ്ത്രീയസംഗീതം പഠിക്കാത്തൊരാളാണ് 

ശങ്കരാഭരണം പാടിയതെന്ന് കേട്ടാൽ വിശ്വസിക്കാൻ പ്രയാസം തോന്നും. പക്ഷേ അതായിരുന്നു അദ്ദേഹം. 

ബോളിവുഡിൽ സൽമാൻഖാൻ ചിത്രങ്ങളുടെ വിജയത്തിന്റെ ക്രെഡിറ്റ്‌ അദ്ദേഹത്തിന് കൂടെ അവകാശപ്പെട്ടതാണ്. അത്രമാത്രം സൽമാന്റെ പ്രണയാതുര ശബ്ദമായി അദ്ദേഹം ഒരിടയ്ക്ക് മാറിയിരുന്നു. ഹം ആപ് കെ ഹേ കോൻ, മേനെ പ്യാർ കിയാ,  ലവ്, സാജൻ തുടങ്ങി ഒരുപാട് ഹിറ്റുകളുടെ ഭാഗമായി അദ്ദേഹം. "പെഹ്‌ലാ പെഹ്‌ലാ പ്യാർ ഹേ",  "ദിൽ ദീവാനാ",  "സാത്ഥിയാ തൂനേ ക്യാ കിയാ", "ബൊഹത്ത് പ്യാർ കർത്തെ ഹേ" തുടങ്ങിയവയൊക്കെ ഹിന്ദിയിലെ നിത്യഹരിത ഗാനങ്ങളാണ്. 


74 ആം വയസ്സിലും തെളിഞ്ഞ ശബ്ദത്തിന് ഉടമയായിരുന്ന എസ്പിബി യുടെ ഏറ്റവും വലിയ പ്രത്യേകത എല്ലാത്തരം പാട്ടുകളും ഒരേ പോലെ പാടി ഫലിപ്പിക്കാൻ ആവുമെന്നതായിരുന്നു. "കളിക്കളം ഇത് കളിക്കളം" എന്ന് റാംജിറാവ് സ്പീക്കിങ്ങിലും "എൻപേര് പടയപ്പ" എന്ന് പടയപ്പയിലും പാടിയ ആൾ തന്നെയാണ് ഡ്യുയറ്റിൽ പ്രണയത്തിന് മാത്രം നൽകാനാവുന്ന സന്തോഷത്തിൽ "അഞ്ജലീ അഞ്ജലീ പുഷ്‌പാഞ്‌ജലി" യെന്നും പ്രണയനഷ്ടത്തിന് മാത്രം നൽകാനാവുന്ന നിസ്സഹായതയിൽ 

"എൻ കാതലേ എൻ കാതലേ 

എന്നെയെന്ന സെയ്യ പോകിറായ്" എന്നും പാടിയത്.

"കാതലൻ സംഗീതമേ" യും(കാതലൻ) "നെഞ്ചിൽ കഞ്ചബാണ"വും (ഗാന്ധർവ്വം) പാടിയ ആൾ തന്നെ ദുഃഖത്താൽ കനപ്പെട്ട ശബ്ദത്തിൽ 

"കണ്ണുക്കുൾ നീ താൻ 

കണ്ണീരിൽ നീ താൻ 

കൺമൂടി പാർത്താൽ 

നെഞ്ചുക്കുൾ നീ താൻ"

(റോജ) എന്നു പാടി.

'അനശ്വര'ത്തിലെ "താരാപഥം ചേതോഹര"ത്തിൽ പ്രണയിതാക്കളുടെ സന്തോഷം അത്രയും നിറഞ്ഞു നിൽക്കുമ്പോൾ 'മൗനരാഗ'ത്തിലെ "നിലാവേ വാ" മൂടിക്കെട്ടിയ ആകാശം പോലെ തോന്നും.

"മണ്ണിലാകെ നിന്റെ മന്ദഹാസം മാത്രം കണ്ടു ഞാൻ" എന്ന് ഒരു ചെറുചിരിയോടെ അദ്ദേഹം പാടുമ്പോൾ നാമറിയാതെ ചുണ്ടിൽ ഒരു മന്ദഹാസം പടർന്നിട്ടുണ്ടാവും.

അഭിനയവും അദ്ദേഹത്തിന് നന്നായി വഴങ്ങി. 'കാതലനി'ൽ കോമഡി ചെയ്ത ആൾക്ക് 'കേളടി കണ്മണി'യിലെ കുടുംബനാഥനെയും നന്നായി ചെയ്യാനായി. "മണ്ണിൽ ഇന്ത കാതൽ"എന്ന പാട്ടിലും അഭിനയത്തിലും അദ്ദേഹം ഒരു വിഭാര്യന്റെ  പ്രതീക്ഷയും ആഗ്രഹങ്ങളും നിസ്സഹായതയുമെല്ലാം ഭംഗിയായി അവതരിപ്പിച്ചു. 

കഴിഞ്ഞ ഒരു രാത്രി. അദ്ദേഹം എന്നേയ്ക്കുമായി ഉറക്കമായിട്ടും ആ പാട്ടുകൾ ഒരുപാട് പ്ലേലിസ്റ്റുകളിലും, ടൈം ലൈനുകളിലും നിറഞ്ഞു നിന്നു. പലരും ഉറക്കമിളച്ചിരുന്ന് അവ വീണ്ടും വീണ്ടും കേട്ടു. നാം കേട്ടത് അദ്ദേഹത്തെയല്ല. നമ്മെത്തന്നെ ആയിരുന്നു. നാളെ  വരുംതലമുറയ്ക്ക് ഈ കഥകൾ നാം പറഞ്ഞു കൊടുക്കും. സ്വരങ്ങൾ കൊണ്ട് അദ്‌ഭുതങ്ങൾ സൃഷ്ടിച്ച മാന്ത്രികന്റെ, ഹൃദയം കൊണ്ട് പാടിയ ഗായകന്റെ കഥകൾ. അവരത് അദ്‌ഭുതത്തോടെ കണ്ണുകൾ വിടർത്തി കേട്ടിരിക്കും. ആ പാട്ടുകൾ കേട്ടു പഠിച്ച്  പിന്നീടു വരുന്നവർക്ക് അവരത് പാടിക്കൊടുക്കും. അപ്പോൾ അദ്ദേഹം നമ്മെ നോക്കി മന്ദഹസിക്കും. 

"മണ്ണിലാകെ നിന്റെ മന്ദഹാസം മാത്രം കണ്ടു ഞാൻ.."

ആ മാന്ത്രികൻ അവരിലൂടെ ജീവിക്കും. കഥയായി. പാട്ടായി. അത്രമേൽ എസ്പിബി നമ്മുടെ ജീവനോട് ചേർന്നു പോയിരിക്കുന്നു.

"സേർന്തതേ നം ജീവനേ.."

No comments:

Post a Comment