Pages

Saturday, September 26, 2020

വിണ്ണിലാകെ നിന്റെ നെഞ്ചു പാടും..

 *Published on Puzha.com (http://www.puzha.com/blog/over-the-sky-your-heart-sings/)


SPB അഭിനയിച്ച 'കേളടി കണ്മണി' എന്ന തമിഴ് സിനിമ കുട്ടിക്കാലത്ത് എപ്പൊഴോ ടീവിയിൽ വന്നു. വിഭാര്യനായ പരമസാധുവായ കുടുംബനാഥന്റെ കഷ്ടപ്പാടുകളും അയാളുടെ പ്രണയവും കണ്ടിരുന്നത് ഓർമയുണ്ട്. 'മണ്ണിൽ ഇന്ത കാതൽ' പാടിപ്പാടി ശ്വാസം മുട്ടി അയാൾ നിലത്തു തളർന്നിരുന്നു ചിരിക്കുന്നത് അന്നത്തെ പോലെ തന്നെ ഇന്നും കണ്ടിരിക്കാറുണ്ട്. 


ശാസ്ത്രീയ സംഗീതം അഭ്യസിക്കാതെ 'ശങ്കരാഭരണം' അസാധ്യമായി പാടിയ അതുല്യപ്രതിഭ. ഒരേ ദിവസം 17 പാട്ടുകൾ, അതും പല ഭാഷകളിൽ പാടിയിട്ടുള്ള ആൾ. ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയെന്നതിനുള്ള ഗിന്നസ്സ് റെക്കോർഡിന് ഉടമ. എന്നും ഓർമയിൽ സൂക്ഷിക്കാൻ ഒന്നിനൊന്നു മെച്ചമായ പാട്ടുകൾ മാത്രമേ തന്നിട്ടുള്ളൂ. ആ ശബ്ദത്തിലൂടെ നാം പ്രണയമറിഞ്ഞു. നഷ്ടദുഃഖം നമ്മെ പൊള്ളിച്ചു. സന്തോഷം നമ്മെ ശ്വാസം മുട്ടിച്ചു. ഗായകനും, ഡബ്ബിങ് ആർട്ടിസ്റ്റും, സംഗീത സംവിധായനും, അഭിനേതാവും ആയിരുന്ന ഒരു നല്ല മനുഷ്യൻ. ഒപ്പമുള്ളവരെ എന്നും ചേർത്തു നിർത്തിയിരുന്ന, വലിയ ഹൃദയമുള്ള ഒരാൾ. 


'അനശ്വര'ത്തിലെ "താരാപഥം ചേതോഹരം.." എന്ന പാട്ടിനോട് എന്തോ ഒരിഷ്ടം കൂടുതലാണ് പണ്ടേ. അതിലെ ഈ വരികളോടും.


"മണ്ണിലാകെ നിന്റെ മന്ദഹാസം മാത്രം കണ്ടു ഞാൻ"എന്ന് പാടി അവസാനിപ്പിക്കുമ്പോൾ ഒരു ചെറുചിരിയുണ്ട്. ഒരു കാമുകന്റെ ഹൃദയത്തിൽ നിന്നൂറി വരുന്ന ഭംഗിയുള്ള ഒരു ചിരി. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഒന്ന്.


"വിണ്ണിലാകെ നിന്റെ നെഞ്ചു 

പാടും ഗാനം കേട്ടു ഞാൻ"

എന്നൊക്കെ പാടുമ്പോൾ ആ ശബ്ദം നിറച്ചും പ്രണയമാണ്. ഒരു പ്രണയിതാവിന്റെ സന്തോഷമാണ്.


അതേപോലെ ഡ്യുയറ്റിലെ "എൻ കാതലേ" കേൾക്കുമ്പോൾ വിരഹത്തീയിൽ നാം അറിയാതുരുകി വീഴും. നഷ്ടബോധവും നിസ്സഹായതയും നമ്മെ ചുറ്റി വരിയും. 

സൽമാൻ ഖാനും രേവതിയും അഭിനയിച്ച 'ലവ്' എന്ന ഹിന്ദി സിനിമയിലെ പാട്ട് 'സാത്ഥിയ തൂ നേ ക്യാ കിയാ' പാടിയത് എസ്പിബിയും കെ എസ് ചിത്രയും ചേർന്നാണ്. പ്രണയവും കുറുമ്പുകളും നിറഞ്ഞൊരു പാട്ട്. പാട്ടുകൾ ഇങ്ങനെയെത്രയെത്ര. 


എന്റെ മനസ്സിലെ പ്രണയത്തിന് ഈ ശബ്ദമായിരിക്കും. എന്നും. പാട്ടൊഴിഞ്ഞ നാവുമായി ഇന്ന് ഉറങ്ങിക്കിടക്കുമ്പോഴും വിണ്ണിലാകെ നിന്റെ നെഞ്ചു പാടും ഗാനം കേട്ടു ഞാൻ. കേട്ടു കൊണ്ടേയിരിക്കും. എന്നും..

No comments:

Post a Comment