"അയാളുടെയത്രയും
കനമുള്ള ജീവിതം
ജീവിച്ചിരിക്കുന്നവര്‍ക്കില്ല
താങ്ങിത്താങ്ങി തളരുമ്പോൾ
മാറ്റിപ്പിടിക്കാനാളില്ലാതെ
കുഴഞ്ഞുപോവുന്നതല്ലേ
സത്യമായും അയഞ്ഞുപോവുന്നതല്ലേ
അല്ലാതെ
ആരെങ്കിലും
ഇഷ്ടത്തോടെ......"
-ജിനേഷ് മടപ്പള്ളി
എല്ലാം പാതിയിൽ നിർത്തി ഇറങ്ങി പോയൊരാൾ പറഞ്ഞിട്ടു പോയത്. കണ്ടിട്ടില്ല, അറിയില്ല അയാളെ. പക്ഷെ മനസ്സിലാവും അയാളുടെ ഇറങ്ങിപ്പോക്കിൽ തരിച്ചു പോയ അയാളുടെ പ്രിയരെ. കാരണം ഇതു പോലെ ഇറങ്ങിപ്പോയ ഒരുവനെ അറിയാം. അവൻ ബാക്കി വെച്ചിട്ട് പോയവരെയും.
പതിനേഴു വർഷം കൂടെ ഉണ്ടായിട്ട് ഒടുക്കം വെറുതെ അങ്ങ് ഇറങ്ങി പോയവൻ. ഇപ്പോൾ കനം ഉള്ള ജീവിതം ഞങ്ങൾ ജീവിച്ചിരിക്കുന്നവർക്കാണ് . അവൻ താങ്ങിത്തളർന്നപ്പോൾ അറിഞ്ഞില്ലല്ലോ എന്ന കുറ്റബോധത്തിൽ നീറുന്നവർ. കൂടെ നിൽക്കാൻ ആയില്ലല്ലോ എന്ന് ചിന്തിച്ചു ഉറക്കം നഷ്ടപ്പെടുന്നവർ. ഒടുങ്ങാൻ തീരുമാനിക്കും മുമ്പ് ഒന്നു വിളിച്ചിരുന്നെങ്കിൽ, എന്തെങ്കിലും പറഞ്ഞിരുന്നെങ്കിൽ, കൊഴിഞ്ഞു പോകാതെ ചേർത്തു നിർത്തിയേനെ എന്ന് പരിഭവിക്കുന്നവർ. അവന്റെ കുഞ്ഞ് വന്ന് 'അച്ഛൻ പഠിപ്പിച്ച പാട്ട്' പാടി തരുമ്പോൾ നെഞ്ചു പിടയുന്നവർ. ആ കുഞ്ഞിക്കവിളിൽ ഉമ്മ കൊടുക്കുമ്പോൾ കണ്ണിൽ രക്തം പൊടിയുന്നവർ. അവനോടു ദേഷ്യം തോന്നാറുണ്ട്. ചെയ്ത തോന്നിവാസത്തിനു മുഖമടച്ചൊന്നു കൊടുക്കാൻ തോന്നാറുണ്ട്. സ്നേഹം കൊണ്ടല്ലേ.ഇപ്പോഴും മനസ്സിൽ അവൻ ബാക്കി ഉള്ളതുകൊണ്ടല്ലേ.
കുഴഞ്ഞു പോയതാവും. അല്ലാതെ ഇഷ്ടത്തോടെ ആവില്ല..
No comments:
Post a Comment